Wednesday, 26 August 2020

ഒരു കൊറോണക്കാലം

 കൊറോണയെന്നു കേട്ടപ്പോൾ  ആദ്യം മനസിൽ തോന്നിയത്  ഇതങ്ങു ചൈനയിലെ വുഹാനിലല്ലേ, നമ്മുക്ക്  എന്താ.. ടോയ്‌ലെറ്റ് ക്ളീനറിന്റെ പരസ്യത്തിൽ കാണുന്ന കീടാണുവിനെ പോലെ കൊറോണയുടെ ചിത്രം കണ്ടപ്പോൾ ചിരിയും കൂടി വന്നു. 

○തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർഥികൾക്ക് ബാധിച്ചപ്പോൾ ഓർത്തു അവർ ചൈനയിൽ നിന്നും വന്നത് കൊണ്ടാണ്, ഭേദമായല്ലോ, സമാധാനം. അപ്പോൾ ദേ വരുന്നു റാന്നിക്കാർ...... ശേഷം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും... ആർക്കും ഒരു പരാതിയും പാടില്ലല്ലോ... 

○8th ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകന് അവധി കിട്ടിയപ്പോൾ ഓർത്തു കുറച്ചു  ദിവസം റസ്റ്റ്‌ ആയല്ലോ. എക്സാം മാറ്റി വയ്ക്കാൻ തുടങ്ങിയപ്പോൾ ഓർത്തു ഇതൊന്നും തീർന്നിരുന്നെങ്കിൽ സമാധാനം ആയേനെ... 

○കൊറോണ തന്റെ കരവിരുത് ശക്തമായി പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ കേരള  തമിഴ്നാട് അതിർത്തി അടച്ചു. അതോടെ തമിഴ്നാട്ടിൽ ജോലി ചെയ്തിരുന്ന husband ഉം എത്തി. അതോടെ അവധിക്കാലം ജോളിയായി. അപ്പോഴുള്ള നമ്മുടെ വിചാരം 'നിപ ' വന്നു പോയപോലെ കുറച്ചു ദിവസം കഴിയുമ്പോൾ ഇതും മാറും. സർക്കാർ പറഞ്ഞ പോലെ ' എല്ലാം ശരിയാകും '.... 

○ജൂണായി, ജൂലൈയായി, ആഗസ്റ്റായി... ഒന്നും ശരിയായില്ല. കീടാണുവിന്റെ മുഖത്തെ ചിരി കൂടി കൂടി വന്നു. ഞങ്ങളുടെ മുഖത്തെ ചിരി മായാൻ തുടങ്ങി. ഇനി ഭാവി എന്താകും? മുന്നിൽ കീടാണു ചിത്രം മാറി question മാർക്കുകൾ തെളിഞ്ഞു. 

○ലോക്കുകൾ ഓരോന്നായി തുറന്നു.. ഭർത്താവിന് തമിഴ്നാട്ടിലേക്ക് പോകാൻ മാത്രം പറ്റുന്നില്ല. ആകെയുള്ള ജോലിയും കട്ടപ്പുറത്താകുമോ ?  ദൈവമേ !

○സൂപ്പർമാർക്കെറ്റ്കൾ വളരെ ദൂരത്തായും റേഷൻകടയും മാവേലിസ്റ്റോറും അടുത്തായും തോന്നിത്തുടങ്ങി..റേഷൻ അരി കൊണ്ട് രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാൻ തുടങ്ങി... non-veg ഇല്ലാതെ ഭക്ഷണം ഇറങ്ങാതിരുന്ന കെട്ട്യോനും മക്കൾക്കും അമ്മായിഅമ്മയ്ക്കും പറമ്പിലെ ചേനയ്ക്കും ചേമ്പിനും പപ്പായയ്ക്കുമെല്ലാം രുചിയുണ്ടെന്നു മനസ്സിലായി.. 

○ഒരു കുഞ്ഞൻ വൈറസാണെങ്കിലും കൊറോണേ , നീ ഞങ്ങളെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. ആർഭാടങ്ങളും ആഘോഷങ്ങളും ഇല്ലാതെ ഉള്ളത് കൊണ്ട് ജീവിക്കാൻ ഞങ്ങൾക്ക് കഴിയുന്നു. 

○കൊറോണേ ,... ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ.....വെറുതേ വിട്ടുകൂടെ ഞങ്ങളെ... 

No comments:

Post a Comment