പുറത്തു തോരാതെ പെയ്ത മഴയിൽ കുളിർന്നു നിൽക്കേ, പറയാൻ മറന്നതെന്തോ പ്രകൃതി പറഞ്ഞു തീർക്കുന്നത് പോലെ....
ആടിത്തകർത്ത കലിയുടെ ഓർമ്മപ്പെടുത്തലാകുമോ ഇത്തവണയും. കാർമേഘപുതപ്പു നീക്കി റബ്ബർ ഇലകൾക്കിടയിലൂടെ സൂര്യൻ മെല്ലെ നോക്കാൻ തുടങ്ങി. മഴത്തുള്ളികൾ ഏറ്റുവാങ്ങിയപ്പോൾ മണ്ണിന്റെ ഗന്ധം ഉയർന്നു. ചെടിപ്പടർപ്പുകൾ മഴയിൽ നാണിച്ചെന്നപോലെ തലകുനിച്ചു നിൽപ്പാണ്.....
○കയ്യിൽ ഒരു കപ്പ് ചൂട് കാപ്പിയുമായി മഴയെ നോക്കി നിൽക്കെ, പിന്നിട്ട വഴികളിലേക്ക് മനസ്സൊന്നു പാഞ്ഞു..... കൈതോല തുമ്പു കൊണ്ട് കളിവള്ളമുണ്ടാക്കിയ ബാല്യത്തിലേയ്ക്കും നനഞ്ഞൊലിച്ച യൂണിഫോമിൽ ചേർത്തു പിടിച്ച ബാഗുമായി സ്കൂളിൽ പോയിരുന്ന കൗമാരത്തിലേയ്ക്കും ഒരു കുടക്കീഴിൽ സൗഹൃദം നുകർന്നിരുന്ന കോളേജ് കാലത്തേക്കും ആ ഓർമ്മകൾ ഓടിയെത്തി........
○തെങ്ങോല ചുന്തു കവുങ്ങിൽ കെട്ടി വെള്ളം ശേഖരിക്കുന്നത് എന്റെ നാടിന്റെ മാത്രം പ്രത്യേകത ആയിരിക്കും.. മഴയുടെ സംഗീതം കേട്ടുറങ്ങാൻ എനിക്കെന്നും കൊതിയാണ്....
○മഴയെ നോക്കിയിരിക്കെ മഴയ്ക്കും ഒരു സ്ത്രൈണത ഉണ്ടെന്നു തോന്നാറുണ്ട്. ചാറ്റൽമഴ കൗമാരക്കാരിയായും കോരിച്ചൊരിയുന്ന മഴ ഒരു യുവതിയായും ഇടിമിന്നലും കൊടുങ്കാറ്റും നിറഞ്ഞ പേമാരി ശക്തയായ ഒരു സ്ത്രീയായും തോന്നാറുണ്ട്.
○ചിലപ്പോഴൊക്കെ ദുരന്തങ്ങൾ നല്കാറുണ്ടെങ്കിലും മഴ ഒരു അനുഗ്രഹം തന്നെയാണ്. പ്രകൃതിയെ കുളിരണിയിക്കാനും.... പുഴകളെ നീരണിയിക്കാനും.... പുൽനാമ്പുകൾക്കു പുതുജീവനേകാനും മഴയേ.. നിനക്ക് മാത്രമേ കഴിയൂ...... ഇവിടെയും നാം തമ്മിൽ സാമ്യം.. മറ്റുള്ളവർക്ക് താങ്ങാവാനും തണലാവാനും ജന്മമേകാനും നമുക്ക് മാത്രമേ കഴിയൂ
No comments:
Post a Comment