Wednesday, 26 August 2020

സ്നേഹം

 അറിവായ്‌ നിറവായ് ആത്മാവിന്നമൃതായി 

○നീയെന്നിലെന്നും നിറഞ്ഞൊഴുകുന്നു. 

○നിൻ വദനത്തിൽ നിത്യം വിരിയും, 

○ഒരു മന്ദസ്മിതമായ് ഞാൻ മാറിയെങ്കിൽ. 

○നിൻ മേനി തഴുകി തലോടുമാ തെന്നലായ് അറിയാതെ ഞാനങ്ങലിഞ്ഞുവെങ്കിൽ. 

○നിൻ സ്നിഗ്ദ്ധ ഗന്ധത്തിൻ മാസ്മരികതയിൽ, 

○ ഒരു മാത്ര ഞാനും മയങ്ങിയെങ്കിൽ. 

○നിൻ മാറിൽ തലചായ്ച്ചുറങ്ങുവാനായൊരു, 

○ശിശിരം മുഴുവനെനിക്കായിരുന്നെങ്കിൽ. 

○നിന്നകതാരിനെ കുളിരണിയിക്കും, 

○ഒരു നല്ല സ്വപ്നമായ് ഞാൻ മാറിയെങ്കിൽ. 

○നിൻ ജീവനെന്നും ഉണർത്തുപാട്ടാകും, 

○ഒരു നല്ല ഗീതമായ് ഞാൻ മാറിയെങ്കിൽ. 

ഒരു കൊറോണക്കാലം

 കൊറോണയെന്നു കേട്ടപ്പോൾ  ആദ്യം മനസിൽ തോന്നിയത്  ഇതങ്ങു ചൈനയിലെ വുഹാനിലല്ലേ, നമ്മുക്ക്  എന്താ.. ടോയ്‌ലെറ്റ് ക്ളീനറിന്റെ പരസ്യത്തിൽ കാണുന്ന കീടാണുവിനെ പോലെ കൊറോണയുടെ ചിത്രം കണ്ടപ്പോൾ ചിരിയും കൂടി വന്നു. 

○തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർഥികൾക്ക് ബാധിച്ചപ്പോൾ ഓർത്തു അവർ ചൈനയിൽ നിന്നും വന്നത് കൊണ്ടാണ്, ഭേദമായല്ലോ, സമാധാനം. അപ്പോൾ ദേ വരുന്നു റാന്നിക്കാർ...... ശേഷം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും... ആർക്കും ഒരു പരാതിയും പാടില്ലല്ലോ... 

○8th ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകന് അവധി കിട്ടിയപ്പോൾ ഓർത്തു കുറച്ചു  ദിവസം റസ്റ്റ്‌ ആയല്ലോ. എക്സാം മാറ്റി വയ്ക്കാൻ തുടങ്ങിയപ്പോൾ ഓർത്തു ഇതൊന്നും തീർന്നിരുന്നെങ്കിൽ സമാധാനം ആയേനെ... 

○കൊറോണ തന്റെ കരവിരുത് ശക്തമായി പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ കേരള  തമിഴ്നാട് അതിർത്തി അടച്ചു. അതോടെ തമിഴ്നാട്ടിൽ ജോലി ചെയ്തിരുന്ന husband ഉം എത്തി. അതോടെ അവധിക്കാലം ജോളിയായി. അപ്പോഴുള്ള നമ്മുടെ വിചാരം 'നിപ ' വന്നു പോയപോലെ കുറച്ചു ദിവസം കഴിയുമ്പോൾ ഇതും മാറും. സർക്കാർ പറഞ്ഞ പോലെ ' എല്ലാം ശരിയാകും '.... 

○ജൂണായി, ജൂലൈയായി, ആഗസ്റ്റായി... ഒന്നും ശരിയായില്ല. കീടാണുവിന്റെ മുഖത്തെ ചിരി കൂടി കൂടി വന്നു. ഞങ്ങളുടെ മുഖത്തെ ചിരി മായാൻ തുടങ്ങി. ഇനി ഭാവി എന്താകും? മുന്നിൽ കീടാണു ചിത്രം മാറി question മാർക്കുകൾ തെളിഞ്ഞു. 

○ലോക്കുകൾ ഓരോന്നായി തുറന്നു.. ഭർത്താവിന് തമിഴ്നാട്ടിലേക്ക് പോകാൻ മാത്രം പറ്റുന്നില്ല. ആകെയുള്ള ജോലിയും കട്ടപ്പുറത്താകുമോ ?  ദൈവമേ !

○സൂപ്പർമാർക്കെറ്റ്കൾ വളരെ ദൂരത്തായും റേഷൻകടയും മാവേലിസ്റ്റോറും അടുത്തായും തോന്നിത്തുടങ്ങി..റേഷൻ അരി കൊണ്ട് രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാൻ തുടങ്ങി... non-veg ഇല്ലാതെ ഭക്ഷണം ഇറങ്ങാതിരുന്ന കെട്ട്യോനും മക്കൾക്കും അമ്മായിഅമ്മയ്ക്കും പറമ്പിലെ ചേനയ്ക്കും ചേമ്പിനും പപ്പായയ്ക്കുമെല്ലാം രുചിയുണ്ടെന്നു മനസ്സിലായി.. 

○ഒരു കുഞ്ഞൻ വൈറസാണെങ്കിലും കൊറോണേ , നീ ഞങ്ങളെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. ആർഭാടങ്ങളും ആഘോഷങ്ങളും ഇല്ലാതെ ഉള്ളത് കൊണ്ട് ജീവിക്കാൻ ഞങ്ങൾക്ക് കഴിയുന്നു. 

○കൊറോണേ ,... ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ.....വെറുതേ വിട്ടുകൂടെ ഞങ്ങളെ... 

മഴ - ഒരു നൊസ്റ്റാൾജിയ

 പുറത്തു തോരാതെ പെയ്ത മഴയിൽ കുളിർന്നു നിൽക്കേ,  പറയാൻ മറന്നതെന്തോ പ്രകൃതി പറഞ്ഞു തീർക്കുന്നത് പോലെ.... 

   ആടിത്തകർത്ത  കലിയുടെ ഓർമ്മപ്പെടുത്തലാകുമോ ഇത്തവണയും. കാർമേഘപുതപ്പു നീക്കി റബ്ബർ ഇലകൾക്കിടയിലൂടെ സൂര്യൻ മെല്ലെ നോക്കാൻ തുടങ്ങി. മഴത്തുള്ളികൾ ഏറ്റുവാങ്ങിയപ്പോൾ മണ്ണിന്റെ  ഗന്ധം ഉയർന്നു. ചെടിപ്പടർപ്പുകൾ മഴയിൽ  നാണിച്ചെന്നപോലെ തലകുനിച്ചു നിൽപ്പാണ്.....

○കയ്യിൽ ഒരു കപ്പ് ചൂട് കാപ്പിയുമായി മഴയെ നോക്കി നിൽക്കെ, പിന്നിട്ട വഴികളിലേക്ക് മനസ്സൊന്നു പാഞ്ഞു..... കൈതോല തുമ്പു കൊണ്ട് കളിവള്ളമുണ്ടാക്കിയ ബാല്യത്തിലേയ്ക്കും നനഞ്ഞൊലിച്ച യൂണിഫോമിൽ ചേർത്തു പിടിച്ച ബാഗുമായി സ്കൂളിൽ പോയിരുന്ന കൗമാരത്തിലേയ്ക്കും ഒരു കുടക്കീഴിൽ സൗഹൃദം നുകർന്നിരുന്ന കോളേജ് കാലത്തേക്കും ആ ഓർമ്മകൾ ഓടിയെത്തി........ 

○തെങ്ങോല ചുന്തു കവുങ്ങിൽ കെട്ടി വെള്ളം ശേഖരിക്കുന്നത് എന്റെ നാടിന്റെ മാത്രം പ്രത്യേകത ആയിരിക്കും.. മഴയുടെ സംഗീതം കേട്ടുറങ്ങാൻ എനിക്കെന്നും കൊതിയാണ്.... 

○മഴയെ നോക്കിയിരിക്കെ മഴയ്ക്കും ഒരു സ്ത്രൈണത ഉണ്ടെന്നു തോന്നാറുണ്ട്. ചാറ്റൽമഴ കൗമാരക്കാരിയായും കോരിച്ചൊരിയുന്ന മഴ ഒരു യുവതിയായും ഇടിമിന്നലും കൊടുങ്കാറ്റും നിറഞ്ഞ പേമാരി ശക്തയായ ഒരു സ്ത്രീയായും തോന്നാറുണ്ട്. 

○ചിലപ്പോഴൊക്കെ ദുരന്തങ്ങൾ നല്കാറുണ്ടെങ്കിലും മഴ ഒരു അനുഗ്രഹം തന്നെയാണ്. പ്രകൃതിയെ കുളിരണിയിക്കാനും.... പുഴകളെ നീരണിയിക്കാനും.... പുൽനാമ്പുകൾക്കു പുതുജീവനേകാനും മഴയേ.. നിനക്ക് മാത്രമേ കഴിയൂ...... ഇവിടെയും നാം തമ്മിൽ സാമ്യം.. മറ്റുള്ളവർക്ക് താങ്ങാവാനും തണലാവാനും ജന്മമേകാനും നമുക്ക് മാത്രമേ കഴിയൂ

Tuesday, 25 August 2020

സൗഹൃദം

 മാറുന്ന  കാലവും മറയു ന്നൊരോർമ്മയും, 

○മായ്ക്കുന്നതല്ലെന്റെ സൗഹൃദം. 

○കണ്ണകലുമ്പോൾ കരളകാലത്തൊരു, 

○സുന്ദരസ്വപ്നമാണെൻ സൗഹൃദം. 

○ഒരിക്കലെൻ തൊടിയിൽ നിറയെ തളിർത്തൊരു, 

○വനജ്യോത്സനയാണെന്റെ സൗഹൃദം. 

○മാരിവില്ലൊളിയേക്കാൾ വർണ്ണങ്ങൾ ചേരും, 

○ഒരു  നിറക്കൂട്ടാണെൻ സൗഹൃദം. 

○പിന്നിട്ട വഴിയിലെ തണലാണെൻ സൗഹൃദം. 

○മുന്നോട്ടൻ വഴിയിലെ സഖിയാണ് സൗഹൃദം. 

○തളരുമ്പോൾ ചാരെ താങ്ങായെത്തും, 

○സാന്ത്വനമാകുമെൻ സൗഹൃദം. 

○കത്തുന്ന ചൂടിൽ കാറ്റാണ് സൗഹൃദം, 

○വിറയ്ക്കും തണുപ്പിൽ സ്നേഹകംബളം. 

○പെരുമഴക്കാലത്തെ കുടയാണെൻ സൗഹൃദം, 

○ഉലയ്ക്കുന്ന ദുഃഖത്തിൽ പങ്കാളിയാണവർ. 

○സങ്കടകടലിലെ തോണിയെൻ സൗഹൃദം, 

○എൻ നേട്ടങ്ങളിൽ നറും ചിരിയാണവർ. 

○നന്മതൻ തിരിയിട്ട നിലവിളക്കാണവർ, 

○നല്ലതുമാത്രം പകുത്തുനൽകുന്നവർ..