Sunday, 22 May 2022

Essay Writing -കാലാവസ്ഥാ വ്യതിയാനം - ഒന്നരപുറത്തിൽ കവിയാതെ ഉപന്യസിക്കുക

 കാലാവസ്ഥാ വ്യതിയാനം.


പണ്ടുകാലം മുതൽ സന്തുലിതമായ ഒരു കാലാവസ്ഥാ സംവിധാനം പ്രകൃതിയായി തന്നെ ഒരുക്കി തന്നിരുന്നു. കൃഷിക്കായി ഒരു കാലാവസ്ഥ, പൂക്കൾക്കായി ഒന്ന്, ഫലവർഗ്ഗങ്ങൾക്കും കായ്കറി കൾക്കായും മറ്റൊന്ന് ഇങ്ങനെ മനുഷ്യന് ഏ മണ്ണിൽ ജീവിക്കാൻ ആവശ്യമായതെല്ലാം ഉണ്ടാക്കാൻ പറ്റിയ ഒരു കാലാവസ്ഥ നമ്മുക്ക് കിട്ടിയിരുന്നു.


             മഴയും കാറ്റും വേനലും മഞ്ഞും എല്ലാം മുൻപ് മനുഷ്യന് പ്രവചിക്കാൻ പറ്റിയിരുന്നു. എന്നാൽ ഒരു ഋതുക്കളും നമ്മുടെ പ്രവചനത്തിന് അതീതമല്ല. അനവസരത്തിലുള്ള കാലാവസ്ഥാ വ്യതിയാനം നമ്മുടെ കൃഷിയേയും മറ്റും സാരമായി ബാധിക്കുന്നു. മഴയും ചൂടുമെല്ലാം വേണ്ടപ്പോൾ വേണ്ടവിധത്തിൽ കിട്ടാതെയും അല്ലാത്ത സമയം അധികഠിനമായി ലഭിക്കുകയും ചെയ്യുന്നു. ദൈനംദിന കാര്യങ്ങൾക്കുള്ള ആഹാരത്തിനുപോലും മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു.


            ഇതിനൊക്കെ കാരണവും മനുഷ്യൻ തന്നെ. മലകളും പുഴകളും വനങ്ങളും എല്ലാം ചേർന്ന് സുന്ദരമായ ഒരു ആവാസ വ്യവസ്ഥ നമ്മുക്ക് ഉണ്ടായിരുന്നു.മേഘങ്ങളെ തടഞ്ഞു നിർത്തി മഴ പെയ്യിക്കാൻ ഇന്ന് മലനിരകളില്ല. സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി നാം മലനിരകൾ ഇടിച്ചു നിരത്തുന്നു. ശുദ്ധ വായുവും തണലും തന്നിരുന്ന മൃഗ സമ്പത്തും കായ്കനികളും നിറഞ്ഞ വനങ്ങൾ നമ്മൾ വെട്ടി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകാൻ ഇതെല്ലാം ധാരാളം മതി.

 

           ദൈവത്തിന്റെ സ്വന്തം നാടെന്നു അഹങ്കരിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിൽ പോലും വെള്ളപ്പൊക്കവും വരൾച്ചയും കൊടുങ്കാറ്റും ഉരുൾപൊട്ടലും തുടർക്കഥകളാവുന്നു. പ്രകൃതിയെ ഇനിയെങ്കിലും സംരക്ഷിച്ചില്ലെങ്കിൽ ഈ ഭൂമിയിൽ ജീവൻ അവസാനിക്കുന്ന കാലം വിദൂരമല്ല.