ആശയവിപുലനം
സ്നേഹമാണഖില സാരമൂഴിയിൽ സ്നേഹസാരമിഹ സത്യമേകമാം.
ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ഒന്നുമാത്രമാണ് എന്ന പ്രപഞ്ച സത്യം ഈ വരികൾ നമ്മെ ഓർമിപ്പിക്കുന്നു. പണത്തേക്കാളും പദവിയെക്കാളും മറ്റേതൊരു ധനത്തേക്കാളും പരസ്പര സ്നേഹത്തിനു വിലയുണ്ടായിരുന്ന ഒരു കാലം നമ്മുക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഒരു കുടുംബത്തിനുള്ളിൽ തന്നെ സഹോദരങ്ങൾ തമ്മിലോ, മാതാപിതാക്കളും മക്കളും തമ്മിലോ സ്നേഹമോ സഹോദര്യമോ ഇല്ലാതായ് തീർന്നിരിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ അതിമോഹങ്ങൾ വെട്ടിപ്പിടിക്കാനുള്ള തിരക്കിൽ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ പറ്റാതെ വരുന്നു. മനുഷ്യനെയും പ്രകൃതിയേയുംസ്നേഹിക്കാത്തതിന്റെ ഫലം പ്രളയത്തിന്റെ രൂപത്തിൽ നാം അനുഭവിച്ചു കഴിഞ്ഞു. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധീനതയിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ സ്നേഹവും അഹിംസയും ആയുധമാക്കിയ ഗാന്ധിജിയെ പോലെ, ജാതി വ്യത്യാസമില്ലാതെ അശരണർക്കു ആശ്രയമായിരുന്ന ശ്രീനാരായണ ഗുരുവിനെ പോലെ, സഹജീവികളുടെ പാപഫലത്താൽ കുരിശിലേറേണ്ടി വന്ന യേശു ദേവനെപോലെ പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു നല്ല നാളേക്കായി നമ്മുക്കും കൈകോർക്കാം. ലൗകിക സുഖങ്ങൾ എല്ലാം നശ്വരമാണ്. അനശ്വരമായതു സ്നേഹം മാത്രമാണ്.